
ആലപ്പുഴ : വൈക്കം മുറിഞ്ഞപുഴയ്ക്ക് സമീപം വേമ്പനാട്ടു കായലിൽ തിങ്കളാഴ്ച വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കായലിൽ പൊങ്ങിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 8.30 ഓടെ അരൂർ ഭാഗത്ത് കായലിലാണ് പൊങ്ങിയ നിലയിൽ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതൽ നടത്തിയ തിരച്ചിലും വിഫലമായിരുന്നു. ബുധനാഴ്ച വീണ്ടും തിരച്ചിൽ ആരംഭിക്കുന്നതിനിടെയാണ് മൃതദേഹം അരൂർ ഭാഗത്ത് പൊങ്ങിയതായി വിവരം ലഭിച്ചത്. ആലപ്പുഴ പാണാവള്ളി പണിക്കെടത്ത് വീട്ടിൽ സുമേഷ് (കണ്ണൻ -45) നെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കാട്ടിക്കുന്ന് നടുത്തുരുത്തിന് സമീപം വള്ളം മറിഞ്ഞ് കാണാതായത്. കാട്ടിക്കുന്ന് തുരുത്തേൽ ഭാഗത്തുള്ള യുവതിയുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം പാണാവള്ളിയിലേക്ക് മടങ്ങുകയായിരുന്ന 23 അംഗ സംഘം സഞ്ചരിച്ച യമഹാ എൻജിൻ ഘടിപ്പിച്ച വള്ളമാണ് ശക്തമായ കാറ്റിലും തിരയിലും ആടിയുലഞ്ഞ് ഒരു വശത്തേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.

