

ഉത്തർപ്രദേശ്: ലളിത്പൂർ ഷെഹ്സാദ് അണക്കെട്ടിന്റെ സംഭരണ മേഖലയിൽ നീലച്ചാക്കിനുള്ളിൽ നിന്നും കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രണ്ട് ദിവസം മുമ്പ് കണ്ടെത്തിയ മൃതദേഹം കറമൈ ഗ്രാമവാസിയായ റാണി റായ്ക്വാറിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. സംഭവത്തിൽ യുവതിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയുടെ കാമുകൻ ജഗദീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കാമുകൻ കീടനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം അണക്കെട്ടിന് സമീപം തള്ളിയതാണെന്നാണ് പ്രാഥമിക വിവരം. മുൻപ് വിവാഹിതയായിരുന്ന യുവതി തന്റെ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് കാമുകനായ ജഗദീഷിനോടൊപ്പം താമസിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.